പലപ്പോഴും ബിസിനസുകളിൽ പുരഷൻമാരെ പോലെ തന്നെ സ്ത്രീകളും മിന്നി തിളങ്ങാറുണ്ട്, ചിലപ്പോഴൊക്കെ ഒരു പടി മുന്നിലും. കാര്യങ്ങൾ ഏറ്റെടുക്കുന്നതിലും, യുക്തിസഹമായ തീരുമാനങ്ങൾ എടുക്കുന്നതിലും മുൻതൂക്കം സ്ത്രീകൾക്കാണെന്നു പല പഠനങ്ങളും കാണിക്കുന്നു. എന്നാൽ ബിസിനസ് രംഗത്ത് ഒരു പുരുഷ മേൽകോയ്മയാണ് വർഷങ്ങളായി കണ്ടുവരുന്നത്. ഇന്നത് മാറ്റങ്ങൾ കണ്ടു വരുന്നുണ്ട്. പല പ്രമുഖ സ്ഥാനങ്ങളിയും സ്ത്രീകൾ എത്തികഴിഞ്ഞു. കഠിനാധ്വാനം കൊണ്ട് സ്വന്തം സാമ്രാജ്യം സൃഷ്ടിച്ച വനിതകളും ഇന്ത്യയിൽ കുറവല്ല. അത്തരത്തിൽ ഒരു വനിതാ സംരംഭകയാണ് ദിപാലി ഗോയങ്ക. രാജ്യത്തെ ഏറ്റവും വലിയ ഹോം ടെക്‌സ്‌റ്റൈൽസ് കയറ്റുമതിക്കാരിൽ ഒരാളായ വെൽസ്പൺ ലിവിംഗ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും, സിഇഒയുമണ് ദിപാലി ഗോയങ്ക. 2002 ലാണ് ഈ 52 വയസുകാരി കമ്പനിയുടെ തലപ്പത്തെത്തുന്നത്. തന്റെ നൂതന ആശയങ്ങളിലൂടെ ദിപാലി ടെക്‌സ്‌റ്റൈൽ ബിസിനസിന്റെ മുഖഛായ തന്നെ മാറ്റിമറിച്ചു. ഇന്ന് കമ്പനി 18,566 കോടി രൂപ വിപണിമൂല്യം കൈവരിച്ചെങ്കിൽ അതിനു പിന്നിൽ ദിപാലിയുടെ കരങ്ങളുണ്ട്. 18-ാം വയസിൽ വിവാഹം കഴിക്കേണ്ടി വന്ന വ്യക്തിയാണ് ദിപാലി. ഇന്നു പലർക്കും ഇതു ചിന്തിക്കാൻ പോലും കഴിയില്ല. ബാലകൃഷ്ണൻ ഗോയങ്കയാണ് ഭർത്താവ്. 1987 ൽ ഇവർ മുംബൈയിലേക്ക് താമസം മാറി. പക്ഷെ ഭർത്താവ് ദിപാലിയെ എന്നും പ്രോത്സാഹിപ്പിച്ചു. അങ്ങനെ 30-ാം വയസിൽ, അതായത് 2002 ൽ അവൾ ഭർത്താവിന്റെ ടെക്‌സ്‌റ്റൈൽ ബിസിനസിൽ ചേർന്നു. മുംബൈയിലെ വെൽസ്പൺ ഗ്രൂപ്പിന്റെ സഹസ്ഥാപകനും, ചെയർമാനുമാണ് ബാലകൃഷ്ണൻ. മനഃശാസ്ത്രത്തിൽ ബിരുദധാരിയും, ഹാർവാർഡ് പൂർവ്വ വിദ്യാർത്ഥിയുമായ ദീപാലിക്ക് ബിസിനസ് തന്ത്രങ്ങൾ മനസിലാക്കാൻ അധികം സമയം കളയേണ്ടി വന്നില്ല. ജീവനക്കാരെ കൈയ്യിലെടുക്കാനും സാധിച്ചു. കമ്പനിയിൽ ചേർന്ന ശേഷം, 2005 -ൽ ഹാർവാർഡ് ബിസിനസ് സ്‌കൂളിന്റെ പ്രസിഡന്റ് മാനേജ്മെന്റ് പ്രോഗ്രാമിൽ അവൾ പങ്കെടുത്തു. 1969 ഒക്ടോബർ 13 -ന് ജയ്പൂരിലെ ഒരു മാർവാരി കുടുംബത്തിലാണ് ദിപാലി ജനിച്ചത്. 2016 -ൽ, ഫോർബ്‌സ് അവളെ ഏഷ്യയിലെ ഏറ്റവും ശക്തയായ 16 -ാമത്തെയും, ഇന്ത്യയിലെ നാലാമത്തെയും വനിതയായി തെരഞ്ഞെടുത്തിരുന്നു. ഭർത്താവ് ഗോയങ്കയും ശതകോടിശ്വരൻ തന്നെ. അദ്ദേഹത്തിന്റെ തത്സമയ ആസ്തി ഏകദേശം 3.4 ബില്യൺ യുഎസ് ഡോളർ വരുമെന്ന് ഫോർബ്‌സ് പറയുന്നു. അതായത് ഏകദേശം 28,522 കോടി രൂപ. 2023 -ൽ അദ്ദേഹം മുംബൈയിൽ 30 മില്യൺ ഡോളറിന് ഒരു ആഡംബര പെന്റ്ഹൗസ് വാങ്ങിയത് വലിയ വാർത്തയായിരുന്നു. ഇന്ന് ഈ ആസ്തിയുടെ ഏകദേശം മൂല്യം 251 കോടി രൂപയാണ്.
പ്രായമല്ല പ്രശ്‌നമെന്ന് തെളിയിച്ച പെൺതാരം,18ൽ വിവാഹം, 30ൽ ബിസിനസ്; ഇന്ന് 18,566 കോടി സാമ്രാജ്യം
