രാജ്യത്തെ മുൻനിരയിലുള്ള ബിസ്ക്കറ്റ് ബ്രാൻഡുകളിൽ ഒന്നാണ് ‘ക്രീമിക‘ എന്ന ബ്രാൻഡ്. വിവിധ തരം ഫുഡ് പ്രോഡക്ടുകളാണ് ഈ ബ്രാൻഡിന് കീഴിൽ വരുന്നത്. ക്രീമിക എന്ന ബ്രാൻഡിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ഈ ബ്രാൻഡിനെ രാജ്യത്തെ മുൻ നിര ബ്രാൻഡുകൾക്കൊപ്പം എത്തിച്ച അതിൻ്റെ കപ്പിത്താനെക്കുറിച്ച് ഒന്ന് പരിചയപ്പെട്ടാലൊ? എങ്ങനെയാണ് ഈ ബ്രാൻഡിന് തുടക്കം കുറിച്ചത് എന്നും നോക്കാം…
കറാച്ചിയിൽ ജനിച്ച രജ്നി ബെക്ടറിൻ്റെ വിവാഹം 17-ാം വയസിലായിരുന്നു. ലുദിയാനയിലെ ഒരു ബിസിനസ് കുടുംബത്തിലേക്കാണ് രജ്നി വന്നത്. വിവാഹത്തിന് ശേഷം കുടുംബ ജീവിതവുമായി മുന്നോട്ട് പോയി. കുട്ടികളായി, അവർ വളർന്ന് വലുതായി. അവരെ പഠിക്കാനായി ബോർഡിംഗ് സ്കൂളിലേക്ക് അയച്ചു. കുട്ടികൾ സ്കൂളിൽ പോയതോടെ രജ്നി പഞ്ചാബ് അഗ്രികൾച്ചർ കോളേജിൽ ബേക്കിംഗ് കോഴ്സ് പഠിക്കാൻ ജോയിൻ ചെയ്തു. പാചകം അത്യാവശ്യം കൈകാര്യം ചെയ്യാൻ അറിയുന്ന രജ്നിക്ക് തൻ്റെ പ്രാഗത്ഭ്യം കൂട്ടാൻ വേണ്ടി ആയിരുന്നു ആ പഠനം.
വളരെ പെട്ടന്ന് തന്നെ രജ്നി സുഹൃത്തുക്കളുടെ ഇടയിൽ ഐസ്ക്രീം ഉണ്ടാക്കിയും വിവിധ വിഭവങ്ങൾ ഉണ്ടാക്കിയും സ്റ്റാർ ആയി. അങ്ങനെ തൻ്റെ വിഭവങ്ങൾ സുഹൃത്തുക്കളുടെ ഇടയിൽ വിജയിച്ചതോടെ 300 രൂപയുടെ ഒവൻ വാങ്ങി കൊണ്ട് സംരംഭത്തിന് തുടക്കം കുറിച്ചു. അതും തൻ്റെ അടുക്കളയിൽ നിന്ന് തന്നെ. പക്ഷെ കാര്യമായ ഓർഡറുകൾ ഒന്നും ലഭിക്കാതെ വന്നതോടെ നഷ്ടം സംഭവിച്ചു. എന്നാൽ രജ്നിക്ക് തുണയായി ഭർത്താവ് ധരംവീർ എത്തി. ഐസ്ക്രീം നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ 1978 ൽ 20,000 രൂപ നൽകി. അങ്ങനെ വീണ്ടും ബിസിനസിലേക്ക് രജ്നി പൂർവ്വാധികം ശക്തിയോടെ തിരികെ വന്നു. ‘ക്രീമിക’ എന്ന് പേരും നൽകി. ക്രീം ഉപയോഗിച്ച് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത് കൊണ്ടാണ് ക്രീമിക എന്ന പേര് നൽകിയത്. ഐസ്ക്രീംസും ബ്രെഡും ബിസ്ക്കറ്റും സോസും ഒക്കെയായി സംരംഭം വലിയ രീതിയിൽ തന്നെ വിജയിച്ചു.
1980 കളിൽ സ്ത്രീകൾ അപൂർവ്വമായി മാത്രമേ ബിസിനസിലേക്ക് ചുവട് വെച്ചിരുന്നുള്ളൂ. ആ സമയങ്ങളിൽ പല ഇൻവെസ്റ്റേഴ്സിനോടും ഫൈറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഭർത്താവിൻ്റെയും കുടുംബത്തിൻ്റെയും പിന്തുണ കൊണ്ട് രജ്നിയുടെ ക്രീമിക കൂടുതൽ ഉയരങ്ങളിലേക്ക് എത്തിപ്പെട്ടു. ഇന്ന്, 60-ലധികം രാജ്യങ്ങളിൽ ലഭ്യമായ ബിസ്‌ക്കറ്റുകളുടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ കയറ്റുമതിക്കാരാണ് ക്രീമിക എന്ന ബ്രാൻഡ്. കൂടാതെ ഉത്തരേന്ത്യയിലെ മിക്ക വിവാഹങ്ങൾക്കും പാശ്ചാത്യ മധുരപലഹാരങ്ങളുടെ ഏക വിതരണക്കാർ കൂടിയാണ് ക്രീമിക. കമ്പനിയുടെ വാർഷിക വിറ്റുവരവ് 7,000 കോടിക്ക് മേൽ എത്തി. സംരംഭകരാകാൻ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രചോദനമായി മാറിയ രജ്നിയെ 2021-ൽ പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തു.