പൊതുമേഖലാ ബാങ്കുകൾ (പിഎസ്ബികൾ) പ്രത്യേകിച്ച് സംരംഭകരും സ്റ്റാർട്ടപ്പ് സ്ഥാപകരുമായ വനിതകൾക്കായി പുതിയ സാമ്പത്തിക പദ്ധതികൾ ഉടൻ ആരംഭിക്കും. ഫിനാൻഷ്യൽ സർവീസസ് വകുപ്പ് വനിതാ കസ്റ്റമർമാരെ പിന്തുണയ്ക്കാൻ ബാങ്കുകളോട് തന്ത്രം ആസൂത്രണം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അധികം വൈകാതെ തന്നെ ഇത് നടപ്പിലാകും. എൻഹാൻസ്‌ഡ് ആക്‌സസ് ആൻഡ് സർവീസ് എക്‌സലൻസ് (EASE 7.0) പരിഷ്‌കരണ അജണ്ടയുടെ ഭാഗമായി വനിതാ ഉപഭോക്താക്കളെ സഹായിക്കുന്നതിനുള്ള ഒരു പ്ലാൻ ആവിഷ്‌കരിക്കാൻ സാമ്പത്തിക സേവന വകുപ്പ് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. EASE 7.0 എന്ന പദ്ധതിയിലൂടെ അപകടസാധ്യത വിലയിരുത്തുക, പ്രവർത്തനരഹിതമായ ആസ്തികൾ കൈകാര്യം ചെയ്യുക, സാമ്പത്തിക ഭദ്രത, ഉപഭോക്തൃ സേവനം, ഡിജിറ്റൽ രൂപാന്തരം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഏറ്റവും പുതിയ EASE പരിഷ്കാരങ്ങളിൽ വനിതാ സംരംഭകർക്കായി പ്രത്യേക ബാങ്കിംഗ് സേവനങ്ങളും അവരുടെ സംരംഭങ്ങൾക്ക് വേണ്ട സാമ്പത്തിക സഹായം അന്വേഷിക്കുന്നവർക്ക് ‘ലോൺ മേളകളും’ ഉൾപ്പെടുന്നു. വനിതാ സ്ഥാപകരെ സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രോഗ്രാമുകളും പിഎസ്ബികൾ സംഘടിപ്പിക്കും. സ്ത്രീകൾക്ക് സാമ്പത്തിക വിദ്യാഭ്യാസം നൽകാനും അവരെ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരാനും വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും അവരെ നിക്ഷേപം, സാമ്പത്തിക ആസൂത്രണം എന്നിവ പഠിപ്പിക്കാനും ബാങ്കുകൾ ക്യാമ്പുകൾ സംഘടിപ്പിക്കും.
“സ്ത്രീ പിന്തുണാ പ്രോഗ്രാമുകൾ ആയിരിക്കും ഈസ് 7.0 ൻ്റെ തീം. ഞങ്ങളുടെ സ്ത്രീ ഉപഭോക്താക്കൾ ഉയർന്നുവരാനും വിജയകരമായ സംരംഭകരാകാനുമുള്ള ധാരാളം സാധ്യതകൾ കാണുന്നു. പുതിയതും നൂതനവുമായ സാമ്പത്തിക ഉൽപ്പന്നങ്ങളിലൂടെ ഇതിനെ പിന്തുണയ്ക്കാൻ ബാങ്കുകൾ തയ്യാറാകും, ”ഒരു പൊതുമേഖലാ ബാങ്കിൻ്റെ മേധാവി പറഞ്ഞു.