വനിതാ സംരംഭകരെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് ‘മഹിളാ ശക്തി’ പദ്ധതി ആവിഷ്കരിച്ച് ഇന്ത്യൻ ഓവർസീസ് ബാങ്ക് (IOB). കേന്ദ്രത്തിൻ്റെ ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിലുള്ള ഈ സംരംഭം, വനിതാ സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജി) വ്യക്തിഗത അംഗങ്ങൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നു. വനിതകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഗ്രാമവികസന മന്ത്രാലയത്തിൻ്റെ ‘ലക്ഷപതി ദീദി യോജന’യുമായി ഈ പദ്ധതി യോജിക്കുന്നു. ഐഒബിയുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം മഹിളാ ശക്തി പദ്ധതി യോഗ്യരായ എസ്എച്ച്ജി അംഗങ്ങൾക്ക് 10 ലക്ഷം രൂപയുടെ ക്രെഡിറ്റ് ലഭിക്കും. ഗ്രാമീണ സ്ത്രീകൾക്ക് വായ്പാ ലഭ്യത വർദ്ധിപ്പിക്കുന്നതിനും അതുവഴി സാമ്പത്തിക വികസനത്തിനും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളിലെ സ്ത്രീകൾക്കിടയിൽ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള IOB യുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. ഇത് അടിസ്ഥാന തലത്തിൽ സാമ്പത്തിക ഉൾപ്പെടുത്തലും സംരംഭകത്വ വളർച്ചയും വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.