വാഴയിൽ നിന്ന് കുലയും ഇലയും മാത്രമല്ല, നല്ല അസ്സൽ വിലയുള്ള ലെതർ ബാഗുകൾ നിർമ്മിക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? കൃഷിക്ക് ശേഷം പാഴ്വസ്തുവായി കളയുന്ന വാഴയുടെ അവശിഷ്ടങ്ങളിൽ നിന്ന് ലെതർ ബാഗുകൾ നിർമ്മിക്കുന്ന ഒരു സംരംഭത്തെ പരിചയപ്പെട്ടാലോ? ആരെയും ആകർഷിക്കുന്ന തരത്തിലുള്ള ഡിസൈനുകളോട് കൂടിയ ലെതർ ബാഗുകളാണ് ബനോഫി എന്ന ബ്രാൻഡ് നിർമ്മിക്കുന്നത്. ഇതിന് ചുക്കാൻ പിടിക്കുന്നത് ജിനാലി എന്ന പെൺകരുത്താണ്.
വാഴത്തണ്ടിൽ നിന്ന് നാരുകൾ വേർതിരിച്ചാണ് ബാഗുകൾ ഉൾപ്പടെയുള്ള ലെതർ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്.ഏറ്റവും കൂടുതൽ തുകൽ കയറ്റുമതി ചെയ്യുന്ന ഒരു രാജ്യമാണ് ഇന്ത്യ. തുകൽ നിർമ്മാണവുമായി ബന്ധപ്പെട്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഖാതം വളരെ വലുതാണ്. ഒരു സസ്‌റ്റൈനബിൾ ലെതർ ബാഗ് കണ്ടെത്താൻ ഉള്ള ജിനാലി മോഡിയുടെ ഗവേഷണമാണ് ഇങ്ങനെ ഒരു സംരംഭം തുടങ്ങാൻ പ്രേരിപ്പിച്ചത്.
ലോകത്തിൽ ഏറ്റവും കൂടുതൽ വാഴകൾ ഇന്ത്യയിലാണ് ഉത്പാദിപ്പിക്കുന്നത്. ഓരോ ടൺ പഴത്തിനും 4 ടൺ മാലിന്യമാണ് ഉണ്ടാകുന്നത്. ഈ മാലിന്യ പ്രശ്നം പരിഹരിക്കാനും വാഴ കർഷകർക്ക് ഒരു അധിക വരുമാനം നേടാനും സസ്‌റ്റൈനബിൾ ലെതർ പ്രോഡക്റ്റുകൾ നിർമ്മിക്കാനും ബനോഫി ലെതറിനു കഴിയുന്നു. കൊൽക്കത്തയിലാണ് കമ്പനിയുടെ പ്രൊഡക്ഷൻ യൂണിറ്റ്. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അറുപത് ശതമാനത്തോളം തൊഴിലാളികളും സ്ത്രീകളാണ്. 2023 ലെ ഹൾട്ട് പ്രൈസ് നേടുവാനും ജിനാലിയുടെ ബനോഫി ബ്രാൻഡിന് കഴിഞ്ഞു.