മെലാനി പെർക്കിൻസ് എന്ന പേര് ആർക്കും അത്ര സുപരിചിതമല്ല. എന്നാൽ കാൻവ നമുക്കെല്ലാവർക്കും അറിയാം. ഫോട്ടോഷോപ്പോ മറ്റ് സ്ങ്കീർണ ആപ്ലിക്കേഷനുകളോ കൂടാതെ ഏതൊരാൾക്കും ലളിതമായി ഒരു ഗ്രാഫിക്‌സ് കാർഡ് ചെയ്‌തെടുക്കാൻ സഹായിക്കുന്ന കാൻവ നമ്മുടെയെല്ലാം ജീവിതത്തിൻ്റെ ഭാഗമായിട്ട് നാളുകൾ ഏറെയായി. മെലാനി പെർക്കിൻസാണ് കാൻവയുടെ സിഇഒ. വെറും 32 വയസ്സുമാത്രമേ ഇവർക്ക് പ്രായമുള്ളു. തൻ്റെ പത്തൊമ്പതാം വയസ്സിലാണ് മെലാനി പെർക്കിൻസിൻ്റെ മനസ്സിൽ കാൻവ എന്ന ആശയം ഉദിക്കുന്നത്. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ സർവ്വകലാശാലയിൽ കൊമേഴ്‌സ് ആന്റ് കമ്മ്യൂണിക്കേഷന് പഠിക്കുമ്പോൾ ചെറിയ ഗ്രാഫിക്‌സ് കാർഡ് ചെയ്യാനും ഹൈ ക്വാളിറ്റി ഫയലുകൾ എക്‌സ്‌പോർട്ട് ചെയ്യാനുമെല്ലാം എളുപ്പ മാർഗങ്ങളില്ലാതെ വലഞ്ഞപ്പോഴാണ് എന്തുകൊണ്ട് ആർക്കും ഉപയോഗിക്കാവുന്ന ഒരു സംവിധാനം ഉണ്ടാക്കികൂട എന്ന് മെലാനി ചിന്തിച്ചത്. തന്റെ ആൺ സുഹൃത്തായ ക്ലിഫിനെയും ഉൾപ്പെടുത്തി ഫ്യൂഷൻ ബുക്ക്സ് എന്ന വെബ്‌സൈറ്റ് മെലാനി ആദ്യം ആരംഭിച്ചു. മെലാനിയുടെ വീട് തന്നെ ആയിരുന്നു ആദ്യ ഓഫീസ്.
പതിയെ പതിയെ ഫ്യൂഷൻ ബൂക്ക്‌സ് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഇയർബുക്ക് പബ്ലിഷറായി മാറുകയും ചെയ്തു. ബിസിനസ്സ് വളർത്തുന്നതിന്റെ അടുത്ത ഘട്ടം എന്ന നിലയിൽ ആണ് മെലാനി കാൻവയിലേക്ക് എത്തിയത്. ബിസിനസ്സിലേക്ക് പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ പഠനം ഉപേക്ഷിച്ചു. പീന്നീട് നിക്ഷേപകരെ തേടി ഒരുപാട് അലഞ്ഞപ്പോൾ നൂറിലധികം റിജക്ഷനുകൾ നേരിടേണ്ടി വന്നു. സിലിക്കൺ വാലിയിലെ പ്രശസ്ത ടെക്ക്‌നോളജി ഇൻവെസ്റ്റർ ബിൽ തായിയെ കാണാൻ പോയി. തുടർന്ന് മെലാനിയുടെ ബിസിനസ്സ് ഐഡിയ ഇഷ്ടമായ ബിൽ തായി കാൻവയിലേക്ക് സ്വയം ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറാവുകയും ചെയ്തു. അങ്ങനെ മെലാനിയുടെ നേതൃത്വത്തിൽ ക്ലിഫ്, കാമറൂൺ എന്നിവർ ചേർന്ന് കാൻവക്ക് രൂപം കൊടുത്തു. 2018 ൽ കാൻവ ഓസ്‌ട്രേലിയയിലെ ആദ്യ യൂണികോൺ സ്റ്റാർട്ടപ്പ് ആയി മാറി.
കാൻവ ഇന്ന് ഒരു ബില്ല്യൺ ഡോളർ വിലമതിക്കുന്ന സിഡ്‌നി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ്. മെലാനിയുടെ നേതൃത്വത്തിൽ ക്ലിഫ്, കാമറൂൺ എന്നിവർ ചേർന്ന് രൂപംകൊടുത്ത കാൻവ ഇന്ന് കോടിക്കണക്കിനാളുകളുടെ ഡിസൈനിങ്ങ് സ്വപ്‌നങ്ങളാണ് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. 179 രാജ്യങ്ങളിലായി 10 മില്ല്യണിലധികം ഉപഭോക്താക്കൾ, ഓരോ സെക്കൻഡിലും പുതുപുത്തൻ ഡിസൈനുകളാണ് പിറന്ന് വീഴുന്നത്. മിലാനി കെട്ടിപടുത്ത സമ്രാജ്യം ചെറുതായിരുന്നില്ല.