സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്നുള്ളത് മിക്ക സ്ത്രീകളുടെയും ആഗ്രഹമാണ്. എന്നാൽ ഇതിന് പലപ്പോഴും പ്രധാന വില്ലനാവുന്നത് പണം തന്നെയാവും. ജോലി ഒന്നുമില്ലാത്ത വീട്ടമ്മമാരുടെ കാര്യമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ സ്ത്രീകൾക്ക് സംരംഭം തുടങ്ങാൻ പണം ഇനി ഒരു പ്രശ്നമാവില്ല. കാരണം സത്രീസംരഭകരെ സഹായിക്കാനായി സർക്കാരിന്റെ തന്നെ നിരവധി വായ്പാ പദ്ധതികൾ കൊണ്ട് വന്നിട്ടുണ്ട്. ഇതിൽ ഈട് പോലും ആവശ്യമില്ലാത്ത പദ്ധതികളുമുണ്ട്. അത്തരം ചില പദ്ധതികൾ ഏതൊക്കെയാണെന്ന് നോക്കാം…
- മുദ്ര യോജന സ്കീം
ചെറുകിട സംരഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്കുള്ള പദ്ധതിയാണ്. മൂന്ന് പ്ലാനുകളായാണ് ഇത് ഉള്ളത്. 50000 വരെ വായ്പ ലഭിക്കുന്ന സ്റ്റാർട്ടപ്പുകൾക്കുള്ള ശിശു പദ്ധതി, 50000 ത്തിനും 5 ലക്ഷത്തിനും ഇടയിൽ വായ്പാസഹായം ലഭിക്കുന്ന പ്ലാൻ, 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ വായ്പ ലഭിക്കുന്ന തരുൺ പ്ലാൻ എന്നിങ്ങനെയാണ് ഉള്ളത്. ഈട് ആവശ്യമില്ല എന്നതാണ് മുദ്ര യോജനയുടെ വലിയ പ്രത്യേകത. പൊതുമേഖലാ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സഹകരണ- സ്വകാര്യ മേഖലാ ബാങ്കുകൾ, തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്പ നേടാം. ബാങ്ക് ശാഖകളിൽ നിന്ന് അപേക്ഷാ ഫോം ലഭിക്കും.
- സ്റ്റാൻഡ് അപ്പ് ഇന്ത്യ
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ സ്ത്രീകൾക്കായുള്ള പദ്ധതിയാണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ. 10 ലക്ഷം മുതൽ 1കോടി രൂപ വരെ വായ്പ ലഭിക്കും. നിർമ്മാണം, സേവനം, വ്യാപാര മേഖലകളിൽ വായ്പ ഉപയോഗിക്കാം. തിരിച്ചടവ് കാലാവധി പരമാവധി 7 വർഷമാണ്.
- ഉദ്യോഗിനി പദ്ധതി
18- നും 45 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കായുള്ള വനിതാ വികസന കോർപറേഷന് കീഴിൽ തുടങ്ങിയ പദ്ധതിയാണ് ഉദ്യോഗിനി പദ്ധതി. വാർഷികവരുമാനം 45000 മോ അതിൽ കുറവോ ആയിരിക്കണം. 1 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വിധവകൾ, വികലാംഗരായ സ്ത്രീകൾ, എന്നിവർക്ക് വരുമാന പരിധി ബാധകമല്ല.
- മഹിളാ ഉദ്യം നിധി പദ്ധതി
ചെറുകിട സ്റ്റാർട്ടപ്പിനുള്ള സഹായവാഗ്ദാനം നൽകുന്ന സ്കീമാണ് മഹിളാ ഉദ്യം നിധി പദ്ധതി. സിഡ്ബി ആണ് പദ്ധതി വാഗ്ദാനം ചെയ്യുന്നതെങ്കിലും ബാങ്കുകളായിരിക്കും വായ്പ അനുവദിക്കുക. അതിനാൽ പലിശ നിരക്കുകളും വ്യത്യസ്തമായിരിക്കും. നിലവിലുള്ള ബിസിനസ് വിപുലീകരണത്തിനും സാമ്പത്തിക സഹായം ലഭിക്കും.
- അന്നപൂർണ്ണ പദ്ധതി
ഫുഡ് കാറ്ററിങ് ബിസിനസ് നടത്തുന്ന വനിതകൾക്ക് വേണ്ടിയുള്ള പദ്ധതിയാണ്. 1 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പാത്രങ്ങൾ, അടുക്കള സാമഗ്രികൾ വാങ്ങുന്നതിനും മറ്റും വായ്പാ തുക ഉപയോഗിക്കാം.