Home Blog പലതുള്ളി പെരുവെള്ളം, കോടികളുടെ നിക്ഷേപവുമായി കുടുംബശ്രീ

പലതുള്ളി പെരുവെള്ളം, കോടികളുടെ നിക്ഷേപവുമായി കുടുംബശ്രീ

0
പലതുള്ളി പെരുവെള്ളം, കോടികളുടെ നിക്ഷേപവുമായി കുടുംബശ്രീ

സംസ്ഥാനത്തെ കുടുബശ്രീ അയൽക്കൂട്ട അംഗങ്ങൾ ഒൻപതുവർഷം കൊണ്ട് സമ്പാദിച്ച് വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചത് 7,076.06 കോടി രൂപ. ആഴ്ചതോറും നൽകുന്ന ചെറിയ തുകയാണ് ഇത്ര വലിയ സമ്പാദ്യമായി മാറിയത്. ആഴ്ച സമ്പാദ്യത്തിലൂടെ ഏഷ്യയിൽത്തന്നെ ഏറ്റവും കൂടുതൽ നിക്ഷേപം കൈവരിക്കുന്ന സ്ത്രീക്കൂട്ടായ്മയെന്ന ഖ്യാതിയും കുടുംബശ്രീ ഇതിലൂടെ നേടി. സാധാരണക്കാരായ സ്ത്രീകളുടെ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കാനും വ്യക്തിഗത ആവശ്യങ്ങൾ നിറവേറ്റാനും 1998 മുതൽ കുടുംബശ്രീ നടപ്പാക്കുന്ന മൈക്രോഫിനാൻസ് പദ്ധതിയുടെ ഭാഗമായാണ് സമ്പാദ്യ പദ്ധതി തുടങ്ങിയത്. ഇതുവരെയുള്ള മൊത്തം നിക്ഷേപം 9,369 കോടി രൂപ വരുമെങ്കിലും ഒൻപതു വർഷത്തിനിടെയാണ് വൻ കുതിപ്പുണ്ടായത്.

തുടക്കത്തിൽ ചുരുക്കം ചില ജില്ലകളിലായിരുന്നു അയൽക്കൂട്ടങ്ങളുടെ പ്രവർത്തനം. 2008-ഓടെ അത് സംസ്ഥാനമെങ്ങും വ്യാപകമായി പ്രാവർത്തികമാക്കിയിരുന്നു. ഇപ്പോൾ 3.17 ലക്ഷം അയൽക്കൂട്ടങ്ങളുണ്ട്. 48 ലക്ഷത്തോളം അംഗങ്ങളും. ആദ്യഘട്ടത്തിൽ ഓരോ അംഗവും കുറഞ്ഞത് പത്തുരൂപ വീതമാണ് ആഴ്ചതോറും നിക്ഷേപിച്ചത്. ഘട്ടംഘട്ടമായി തുക കൂട്ടി. സാമ്പത്തിക ശേഷിക്കനുസരിച്ചാണ് ഇപ്പോൾ നിക്ഷേപത്തുക നിശ്ചയിക്കുന്നത്. കിട്ടുന്ന തുക ഓരോ ആഴ്ചയും ബാങ്ക് നിക്ഷേപമാക്കും. വലിയ നടപടിക്രമങ്ങളില്ലാതെ നാലുശതമാനം പലിശയ്ക്ക് അംഗങ്ങൾക്ക് അവരുടെ നിക്ഷേപത്തിന് ആനുപാതികമായി വായ്പയെടുക്കാനുള്ള സൗകര്യവുമുണ്ട്. സ്വന്തം നിക്ഷേപത്തെക്കാൾ കൂടുതൽ വായ്പയെടുക്കാൻ മറ്റംഗങ്ങളുടെ സമ്മതം മതി. പരസ്പര ജാമ്യത്തിലും വായ്പയെടുക്കാം.

ഒൻപതു വർഷത്തിനിടെ അയൽക്കൂട്ടങ്ങൾ ആഭ്യന്തരവായ്പയായി വിതരണം ചെയ്തത് 21,614 കോടി രൂപയാണ്. സിഡിഎസുകൾക്ക് വികസന കോർപ്പറേഷനുകൾ വലിയ വായ്പ (ബൾക്ക് ലോൺ)യായി 17,369 കോടി രൂപ നൽകി. രണ്ടരശതമാനം പലിശയ്ക്കു ലഭിച്ച വായ്പത്തുക സിഡിഎസുകൾ നാല്-നാലര ശതമാനം പലിശയ്ക്കാണ് അയൽക്കൂട്ടങ്ങൾക്കു നൽകിയത്. അതുവഴി അംഗങ്ങൾക്ക് വായ്പ ലഭിച്ചു. ഇക്കാലയളവിൽ ബാങ്കുകൾ 36,357 കോടി രൂപ വായ്പയായി അയൽക്കൂട്ടങ്ങൾക്കു നൽകി. എട്ടുമുതൽ ഒൻപതുവരെ ശതമാനം പലിശയ്ക്കു നൽകിയ വായ്പയിൽ നാലുശതമാനം സർക്കാർ സബ്‌സിഡിയാണ്. സാമ്പത്തികമായി പിന്നിലായ 48,557 അയൽക്കൂട്ടങ്ങൾക്ക് റിവോൾവിങ് ഫണ്ടായി 72.83 കോടിയുടെ സഹായം സർക്കാരും നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here