Soft Loan Scheme; സ്ത്രീകളുടെ ക്ഷേമത്തിനും അവരുടെ വികസനത്തിനുമായി കേരള സർക്കാർ നിരവദി പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ബിസിനസിൽ അവരെ ശാക്തീകരിച്ചുകൊണ്ട് അവരെ സ്വയംപര്യാപ്തരാക്കുക എന്നതാണ് പ്രധാനം, ഇതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM കെഎസ്‌യുഎം) വനിതാ സംരംഭകർക്കായി ‘സോഫ്റ്റ് ലോൺ സ്കീം’ നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം, കേരളത്തിലെ സർക്കാർ വകുപ്പുകളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന പ്രവൃത്തികളും പദ്ധതികളും നടപ്പിലാക്കുന്നതിന് പ്രവർത്തന മൂലധനമായി വായ്പകൾ നൽകും.
കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം)
കേരളത്തിൽ സംരംഭകത്വ വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമായി കേരള സർക്കാർ കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) ആരംഭിച്ചു. നൂതന സാങ്കേതികവിദ്യാ സംരംഭകത്വത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് ഊർജ്ജസ്വലമായ ഒരു സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനായി ഭാവിയിലേക്കുള്ള നയങ്ങൾ രൂപപ്പെടുത്തി നടപ്പിലാക്കുന്നതിലൂടെയാണ് കെഎസ്‌യുഎം വഴി സർക്കാർ സ്റ്റാർട്ടപ്പ് പ്രസ്ഥാനത്തിന് തുടക്കമിട്ടത്.
വനിതാ സ്റ്റാർട്ടപ്പുകൾ
കേരളത്തിലെ സർക്കാർ വകുപ്പുകളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന പ്രവൃത്തികളും പദ്ധതികളും നടപ്പിലാക്കുന്നതിനായി പ്രവർത്തന മൂലധനമായി 15 ലക്ഷം രൂപ വരെ സോഫ്റ്റ് ലോൺ സ്കീമിലൂടെ നൽകുന്നുണ്ട്.
സോഫ്റ്റ് ലോൺ പദ്ധതിയുടെ ലക്ഷ്യങ്ങൾ
കേരള സ്റ്റാർട്ടപ്പ് മിഷന്റെ പ്രധാന ലക്ഷ്യം, സ്ത്രീകൾ ബിസിനസുകളും സൂക്ഷ്മ സംരംഭങ്ങളും ഏറ്റെടുത്ത് സ്വയംപര്യാപ്തരാകാൻ സഹായിക്കുന്നതിനും, ഉയർന്ന പലിശ നിരക്കിൽ പണമിടപാടുകാരിൽ നിന്ന് പണം കടം വാങ്ങുന്നത് തടയാനും വേണ്ടിയാണ് ഈ പദ്ധതി മുന്നോട്ട് കൊണ്ട് വന്നിട്ടുള്ളത്.
പദ്ധതിയുടെ പ്രയോജനങ്ങൾ
രാജ്യത്തെ വനിതാ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു. കൂടാതെ, സ്ത്രീകൾക്ക് ബിസിനസുകളിൽ പങ്കെടുക്കുന്നതിലൂടെയും സൂക്ഷ്മ സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിലൂടെയും അവരുടെ പദവി ഉയർത്താൻ സോഫ്റ്റ് ലോൺ പദ്ധതി സഹായിക്കുന്നു. ഈ പദ്ധതി ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ വരുമാനം വർദ്ധിപ്പിക്കുക മാത്രമല്ല, സാമ്പത്തിക കുതിച്ചുചാട്ടത്തിന് തുടക്കമിടുന്നതിലൂടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നു.
ഈ വായ്പാ പദ്ധതി സംസ്ഥാനത്തെ സ്ത്രീകൾക്ക് സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ നൽകുന്നു.
സോഫ്റ്റ് ലോൺ സ്കീമിനുള്ള യോഗ്യതാ മാനദണ്ഡം
- സ്റ്റാർട്ടപ്പിന് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ അംഗീകാരം ഉണ്ടായിരിക്കണം, കൂടാതെ കേരള സ്റ്റാർട്ടപ്പ് മിഷൻ നൽകുന്ന യുണീക്ക് ഐഡിയും ഉണ്ടായിരിക്കണം.
- വനിതാ സഹസ്ഥാപകർക്ക് സ്റ്റാർട്ടപ്പിൽ ഭൂരിപക്ഷ ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കണം.
- സ്റ്റാർട്ടപ്പ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം.
- ക്ലയന്റ് ഒരു സർക്കാർ വകുപ്പോ പൊതുമേഖലാ സ്ഥാപനമോ ആയിരിക്കണം.