വനിതാ സംരംഭകരുടെ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിമെൻ എൻട്രപ്രണേഴ്സ് നെറ്റ്‌വർക്ക് ഫൗണ്ടേഷൻ (വെൻ) സംഘടിപ്പിക്കുന്ന വനിതാ സംരംഭക സംഗമം-വെൻ ബിസ്‌കോൺ ഓഗസ്റ്റ് 9 ന് കൊച്ചിയിൽ നടക്കും. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന പരിപാടിയിൽ 700ലേറെ വനിതാ സംരംഭകർ പങ്കെടുക്കും. വനിത സംരംഭകരെ ബിസിനസിലേക്ക് കൂടുതൽ ആകർഷിക്കാനും സ്‌കിൽ ഡെവലപ്‌മെന്റ് പരിശീലനം നൽകാനുമായി 2016ൽ ആരംഭിച്ച കൂട്ടായ്മയാണ് വെൻ. കൊച്ചി, തൃശൂർ, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചാപ്റ്ററുകളുണ്ട്. കേരളത്തിന് പുറത്ത് കോയമ്പത്തൂരിലും പുതിയ ചാപ്റ്റർ തുടങ്ങാനുള്ള ഒരുക്കത്തിലാണ് വെൻ. ചെറുകിട വ്യവസായ യൂണിറ്റുകൾ മുതൽ വ്യവസായ രംഗത്തെ പ്രമുഖരായ വനിതകൾ വരെ ഇതിൽ അംഗങ്ങളാണ്.
പങ്കെടുക്കാൻ പ്രമുഖരുടെ നിര
ബിസിനസിൽ വിജയംവരിച്ച പ്രമുഖർ വെൻ ബിസ്‌കോണിൽ പങ്കെടുക്കുന്നുണ്ട്. ഇൻഫ്ലുവൻസറും സംരംഭകയുമായ പേർളി മണി, നാച്വറൽസ് സലൂൺ ആൻഡ് സ്പാ സഹസ്ഥാപകനും സിഎംഡിയുമായ സികെ കുമാരവേൽ, മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്റ്റെയിലിസ്റ്റുമായ അംബിക പിള്ള തുടങ്ങിയവർ അവരുടെ അനുഭവങ്ങൾ പരിപാടിയിലൂടെ പങ്കുവയ്ക്കും. ധനകാര്യ മേഖലയിൽ വനിതാ സംരംഭകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അർത്ഥ ഫിനാൻഷ്യൽ സർവീസസിന്റെ ഉത്തര രാമകൃഷ്ണൻ സംസാരിക്കും. ലക്ഷ്മി മേനോൻ (അമ്മൂമ്മത്തിരി), നോറീൻ അയ്ഷ (ഫെമിസേഫ്), നികിത ശങ്കർ (ഷോപ്പർ ഡോട്ട് കോം), സാംസ്‌കാരിക പൈതൃക സംരക്ഷണത്തിന് യുനെസ്‌കോ പുരസ്‌കാരം നേടിയ സ്വാതി സുബ്രഹ്‌മണ്യൻ (ഇഴ കൺസർവേഷൻ ആർക്കിറ്റെക്റ്റ്‌സ്) എന്നിവർ സ്റ്റാർട്ടപ്പ് സംരംഭങ്ങളെക്കുറിച്ച് മനസുതുറക്കും.
ടൈയുമായി ചേർന്ന് 2018, 2019 വർഷങ്ങളിൽ സംരംഭകർക്കായി പ്രത്യേക സെമിനാർ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന വെൻ കാർണിവൽ വലിയ വിജയമായിരുന്നു. വെൻ ബിസ്‌കോണിൽ പുരുഷന്മാർക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: https://www.wenindia.org/wen-bizcon.